വേലിയേറ്റവും ഓരു വെള്ള ഭീഷണിയും കാരണം പുല്ലുപോലും മുളയ്ക്കില്ലെന്നു കരുതിയ കായൽക്കരയിൽ ഇപ്പോൾ മനോഹരമായൊരു ഡ്രാഗൺ പഴത്തോട്ടം വിളഞ്ഞു നിൽക്കുകയാണ്. കായംകുളം കായലിന്റെ തീരത്ത് പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് നൂറുമേനി വിളവ് കൊയ്യുന്ന തിരക്കിലാണ് ആറാട്ടുപുഴ കുന്നാണ്ടിശ്ശേരിൽ നൈസാമും ഭാര്യ ജസീനയും .മാർച്ച് പകുതിയോടെ ആരംഭിച്ച ഈ വർഷത്തെ വിളവെടുപ്പിൽ ഇതിനകം തന്നെ 600 കിലോയോളം ഡ്രാഗൺ ഫ്രൂട്ടാണ് ഇവർ തോട്ടത്തിൽ നിന്ന് വിളവെടുത്തത്

വിത്ത് മുതൽ വിപണി വരെ കർഷകർക്ക് താങ്ങായി നിൽക്കുന്ന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വിദേശ ഫല വർഗങ്ങളുടെ സാധ്യത കേരളത്തിലെ വിളവിസ്തൃതി വ്യാപനം വർഷങ്ങളായി നടപ്പിലാക്കി വരുന്നു.ടി പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാന വിദേശ ഫലമാണ് ഡ്രാഗൺ ഫ്രൂട്ട്.കേരളത്തിലെ കർഷകർ ആദ്യം ഡ്രാഗൺഫ്രൂട്ട് കൃഷി ചെയ്യുവാൻ മടി കാണിച്ചിരുന്നെങ്കിലും പഴത്തിന്റെ ഗുണമേന്മയും വിപണിയിലെ സാധ്യതകളും മനസ്സിലാക്കി വെല്ലുവിളികൾ ഏറ്റെടുത്ത് കൃഷി ചെയ്ത തുടങ്ങുകയും ഇപ്പോൾ വിദേശ രാജ്യങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും ആശ്രയിക്കാതെ കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുന്ന ഗുണമേന്മയും വിഷരഹിതവുമായ ഡ്രാഗൺ പഴം വിപണികളിലെത്തിക്കുവാൻ സാധിക്കുന്നുണ്ട്. അതിൽ സംസ്ഥാന ഹോർട്ടികൾച്ചർമിഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്

ഉഷ്ണമേഖലാ ഉപ ഉഷ്‌ണമേഖല കാലാവസ്ഥകളിൽ ആണ് ഡ്രാഗൺപഴം കൃഷി ചെയ്തുവരുന്നത് എന്നാൽ നമ്മുടെ കർഷകനായ നൈസാം സമീപത്തെ തോട്ടിൽ നിന്നും കായലിൽ നിന്നും ഉപ്പുവെള്ളം കയറുന്ന തെങ്ങൊഴികെ മറ്റൊരു കൃഷിയും സാധ്യമല്ലെന്ന് കരുതിയിരുന്ന ഭൂമിയിൽ ആണ് സാഹസിക തീരുമാനത്തോടെ ഡ്രാഗൺ പഴം കൃഷി ആരംഭിച്ചത്. ആദ്യം വീട്ടു പറമ്പിൽ 150 ഓളം പ്ലാസ്റ്റിക് ഡ്രമ്മുകളിൽ പരീക്ഷണാടിസ്ഥനത്തിൽ തുടങ്ങിയ കൃഷി പിന്നീട് കായൽക്കരയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ലക്ഷങ്ങൾ ചിലവഴിച്ച് കായൽ തീരത്ത് കരിങ്കൽ ചിറകെട്ടി ഗ്രാവൽ അടിച്ച് ഭൂമി ഉയർത്തിയാണ് ഇവർ കൃഷി യോഗ്യമാക്കിയത്. മലേഷ്യൻ റെഡ് ഇനത്തിൽ പെട്ട തൈകൾ ആണ് കൃഷി ചെയ്യുവാൻ ഉപയോഗിക്കുന്നത്. ഓരു വെള്ള ഭീഷണി ഉള്ളതിനാൽ തറ നിരപ്പിൽ നിന്നും ഒരടി ഉയരത്തിലാണ് തൈകൾ നട്ടിട്ടുള്ളത്

കുറഞ്ഞ അളവിൽ മാത്രം ജലസേചനം മതിയെന്നതും വിപണിയിൽ എപ്പോഴും നല്ല വില ലഭിക്കുമെന്നതുമാണ് ഡ്രാഗൺ ഫ്രൂട്ട് തിരഞ്ഞെടുക്കാൻ കാരണമെന്നാണ് കർഷകൻ പറയുന്നത്. ഒരു ദിവസം മിനിമം 70 kg മുതൽ 160 kg വരെ വിളവ് ലഭിക്കാറുണ്ട് . കിലോയ്ക് 160 രൂപ നിരക്കിൽ ആണ് മാർക്കറ്റിൽ നൽകുന്നത്. ആറാട്ടുപുഴയിലെയും കായംകുളത്തേയും പഴകടകളിലും സൂപ്പർ മാർക്കറ്റുകളിലും ആണ് പ്രധാനമായും വില്പന നടത്തുന്നത്.

തോട്ടത്തിൽ വിളയുന്ന നാടൻ ഡ്രാഗൺഫ്രൂട്ടിന്റെ നിറവും രുചിയും കൂടുതലായതിനാൽ വിപണിയിൽ വലിയ ആവശ്യക്കാരുണ്ട്. ഉൽപ്പാദിപ്പിക്കുന്ന പഴം തികയാതെ വരുന്ന അവസ്ഥയാണെന്നുള്ളതെന്നും കൃഷിയിൽലോടെ നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും കർഷകൻ സാക്ഷ്യപ്പെടുത്തുന്നു.

ആലപ്പുഴ ജില്ലയിലെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ജീവനക്കാരുടെയും, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കായംകുളം, ആറാട്ടുപുഴ കൃഷി ഓഫീസർ ,കൃഷി അസിസ്റ്റന്റുമാർ എന്നിവരുടെ സപ്പോർട്ട് കർഷകന് പ്രചോദനമായിട്ടുണ്ട് .സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 45000 രൂപയോളം സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുളവും നിർമിച്ചിട്ടുണ്ട്
പ്രകൃതി ഭംഗി തുളുമ്പുന്ന ഈ തോട്ടത്തെ കേന്ദ്രീകരിച്ച് ഒരു ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗിക വശങ്ങളും ആലോചനയിലുണ്ട്. കഠിനാധ്വാനവും നിശ്ചയ ദാർഢ്യവുമുണ്ടെങ്കിൽ പ്രതികൂല സാഹചര്യങ്ങളെയും വിളനിലങ്ങളാക്കി മാറ്റാമെന്നു തെളിയിച്ചിരിക്കുകയാണ് നൈസാമും ജസീനയും.