കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുള്ള തളയോലപ്പറമ്പ് എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ നിന്നാണ് മാത്യു എന്ന ഒരു യുവാവിന്റെ ജീവിത യാത്ര ആരംഭിക്കുന്നത്. അസാധാരണമായ പഠനവൈഭവമുള്ള മാത്യു എന്ന ചെറുപ്പക്കാരനായിരുന്നു അവൻ. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും (M.Tech) ബിസിനസ്സ് ലോകത്തെ തന്ത്രങ്ങൾ മനപ്പാഠമാക്കിയ എംബിഎ (MBA) ബിരുദവും ഒരേപോലെ അവന്റെ കൈപ്പിടിയില്‍ ഒതുക്കിയിരുന്നു. ഈ യോഗ്യതകൾ ഒടുവില്‍ എത്തിച്ചത് കടൽ കടന്നുള്ള ഒരു വൻകിട കോർപ്പറേറ്റ് സാമ്രാജ്യത്തിലായിരുന്നു. വർഷങ്ങളോളം വിദേശത്ത് വലിയ ശമ്പളമുള്ള ജോലി ചെയ്ത്, തിളങ്ങുന്ന എയർകണ്ടീഷണർ മുറികളിൽ ഇരുന്ന്, ആരും കൊതിക്കുന്ന ആഡംബര ജീവിതം നയിച്ചു.

എന്നാൽ മാത്യുവിന്റെ ഉള്ളിലെവിടെയോ സ്വന്തം നാടിനോടുള്ള വല്ലാത്ത ഒരു മാനസിക അടുപ്പം സൂക്ഷിച്ചിരുന്നു. പണത്തിനും ആഡംബര ജീവിതത്തിനുമപ്പുറം മാത്യു സ്വപ്നം കണ്ടത് തന്റെ ജന്മനാടായ തലയോലപ്പറമ്പിലെ പച്ചപ്പുനിറഞ്ഞ പാടശേഖരങ്ങളും, ഇടവപ്പാതിയിൽ മണ്ണിൽ നിന്നുയരുന്ന ആ സുഗന്ധവും, നാട്ടുകാരുടെ നിഷ്കളങ്കമായ സ്നേഹവുമായിരുന്നു. അത് അവസാനം മാത്യുവിനെ ചെന്ന് എത്തിച്ചത് ധീരമായ ഒരു തീരുമാനത്തിലായിരുന്നു. സുരക്ഷിതമായ ആഗോള കരിയറും ലക്ഷങ്ങളുടെ ശമ്പളവും അവൻ ഒറ്റ നിമിഷം കൊണ്ട് ഉപേക്ഷിച്ചു. തന്റെ സ്വപ്നങ്ങൾ മാത്രം നെഞ്ചിലേറ്റിക്കൊണ്ട് അവൻ ജന്മനാട്ടിലേക്ക് പറന്നിറങ്ങി. മണ്ണിലേക്ക് മടങ്ങാനും, സ്വന്തം നാട്ടിൽ ഒരു കൈ ഒപ്പ് സൃഷ്ടിക്കുന്നതിനെക്കുറിച്ചുമുള്ള അയാളുടെ ആഗ്രഹം ഒരു സ്വപ്നമായി പെയ്തിറങ്ങി. വെറും 250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ സ്ഥലത്ത് 100 സബ്സ്ട്രേറ്റ് ബെഡുകളുമായി (Substrate beds) ആരംഭിച്ച ചിപ്പിക്കൂൺ (Oyster Mushroom) ഫാം, ഇന്ന് 2000 ചതുരശ്ര അടിയിലേക്ക് പടർന്നു പന്തലിച്ച് 6000 ബെഡുകളുടെ ശേഷിയുള്ള ഒരു വൻകിട ഹൈടെക് ഫാമായി മാറിയിരിക്കുന്നു.

തുടക്കത്തിലെ ഹരം, പിന്നീട് അഭിനിവേശമായി മാറിയ സാഹചര്യം

നാട്ടിൽ തിരിച്ചെത്തിയ മാത്യു, തനിക്ക് അനുയോജ്യമായതും പ്രകൃതിയോടും ചേര്‍ന്ന് നില്‍ക്കുന്നതുമായ ഒരു ജീവിത വഴി തേടി അലയുന്നതിനിടയിലാണ് അവിടുത്തെ കൃഷി ഭവൻ സന്ദർശിക്കുവാന്‍ ഇട വന്നത്. കാര്‍ഷിക മേഖലയോടും പ്രകൃതിയോടുമുള്ള മാത്യുവിന്റെ മനസ്സും അയാളുടെ ബിസിനസ്‌ തന്ത്രവും ഉള്‍ക്കൊണ്ടത്‌ കൊണ്ടാവാം കൃഷി ഉദ്യോഗസ്ഥര്‍ കൂൺ കൃഷി എന്ന ആശയം മുന്നിലേക്ക് വെച്ചത്. ഫങ്കസ് അഥവാ കുമിള്‍ എന്ന സൂക്ഷ്മജീവികളുടെ അപകടകരമായ ഭാവങ്ങള്‍ക്കുമപ്പുറം ഉപകാരപ്രദമായ ഒരു അത്ഭുത ലോകം ഉണ്ടെന്നു മാത്യു ആദ്യമായി തിരിച്ചറിഞ്ഞപ്പോള്‍ തന്നെ മാത്യുവിനുള്ളിലെ ശാസ്ത്രജ്ഞൻ ഉണർന്നു കഴിഞ്ഞിരുന്നു. അത് പിന്നീട് ഒരു പാഷന്‍ ( അഭിനിവേശം) ആയി മാറി. പിന്നീട് അങ്ങോട്ട് പരീക്ഷണങ്ങളുടെ ഒരു കാലഘട്ടം ആയിരുന്നു. ഈ മേഖലയില്‍ നിന്ന് കിട്ടാവുന്ന പരമാവധി അറിവുകള്‍ ശേഖരിക്കുകയും കൃഷി വകുപ്പ് നല്‍കിയ വിവിധ പരിശീലനത്തിലൂടെയും അയാള്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. കൃഷി വകുപ്പിന്റെ ധന സഹായത്തോടെ നൂറ് കൂൺ ബെഡുകൾ തയ്യാറാക്കാവുന്ന വലുപ്പത്തില്‍ ഒരു കൂണ്‍ ഷെഡ്‌ നിര്‍മ്മിക്കുകയും അതില്‍ കൂണ്‍ കൃഷി ആരംഭിക്കുകയും ചെയ്തു. ഒരു പിതാവ് തന്റെ നവജാത ശിശുവിനെയെന്ന പോലെ രാപ്പകലില്ലാതെ അവൻ ആ ബെഡുകളെ പരിചരിച്ചു.
പ്രതിസന്ധിയെ മറികടക്കുമ്പോള്‍…..

ഒരു വലിയ അത്ഭുതം വിരിഞ്ഞു വരുന്നത് കാണാൻ അയാള്‍ കാത്തിരുന്നു എങ്കിലും വിളവെടുപ്പ് സമയത്ത് നിരാശ മാത്രമായിരുന്നു പ്രതിഫലം. വലിയൊരു കൊയ്ത്ത് പ്രതീക്ഷിച്ച മാത്യുവിന് മുന്നിൽ പ്രകൃതി വെച്ചുനീട്ടിയത് വെറും ഇരുനൂറ് ഗ്രാം കൂൺ മാത്രമായിരുന്നു! ഒ രു ചെറിയ ചായക്കപ്പ് നിറയ്ക്കാനുള്ള കൂൺ പോലും അതിലുണ്ടായിരുന്നില്ല. പ്രകൃതിയുടെ വിവിധ തരം വികൃതികള്‍ക്കും അയാള്‍ സാക്ഷ്യം വഹിച്ചു. എങ്കിലും പിന്മാറാന്‍ മാത്യു തയ്യാറായിരുന്നില്ല. പട വെട്ടാന്‍ തന്നെ ഉറപ്പിച്ച മാത്യു പിന്നെ വിജയത്തിന്‍റെ കല്പ്പടവുകളിലെക്ക് നടന്നെത്തി. ആ ചെറിയ ഇരുനൂറ് ഗ്രാം വിളവിൽ അയാള്‍ കണ്ടത് പരാജയമല്ല, മറിച്ച് തന്റെ വിജയത്തിലേക്കുള്ള കനലായിരുന്നു. എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യം അവന്റെ ഉള്ളിൽ ഒരു വാശിയായി മാറി. അവൻ തന്റെ വീട് തന്നെ ഒരു ശാസ്ത്ര പരീക്ഷണശാലയാക്കി മാറ്റി. ഉറക്കമില്ലാത്ത രാത്രികളിൽ, പുസ്തകങ്ങളും ഇന്റർനെറ്റും ചരടുവലിച്ചുള്ള പരീക്ഷണങ്ങളുമായി അയാള്‍ കൂണുകളുടെ വളർച്ചയുടെ രഹസ്യങ്ങൾ ഓരോന്നായി പഠിച്ചെടുത്തു.

കേരളത്തിലെ കഠിനമായ ചൂടും ഈർപ്പവുമാണ് തന്റെ കൂണുകളുടെ ജീവൻ കെടുത്തുന്നതെന്ന് മാത്യു മനസ്സിലാക്കി. തന്റെ പക്കലുണ്ടായിരുന്ന എഞ്ചിനീയറിംഗ് അറിവ് അവൻ ഇവിടെ പ്രയോഗിക്കാൻ തീരുമാനിച്ചു. വലിയൊരു സാമ്പത്തിക റിസ്ക് എടുത്തുകൊണ്ട്, 5 ലക്ഷം രൂപ മുടക്കി അത്യാധുനിക രീതിയിലുള്ള ഒരു “ഫാൻ ആൻഡ് പാഡ്” (Fan and Pad) ഇവാപ്പറേറ്റിംഗ് കൂളിംഗ് സിസ്റ്റം സ്വന്തമായി നിർമ്മിച്ചു. അതിനുള്ളിലെ കാലാവസ്ഥ വ്യതിയാനം എളുപ്പത്തില്‍ മനസ്സിലാക്കാനും അത് ഉടനടി പരിഹരിക്കുന്നതിനുമായുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയ ആ യൂണിറ്റ് ചൂടുള്ള തളയോലപ്പറമ്പ് ഗ്രാമത്തിന്റെ നടുവിലേക്ക് ഊട്ടിയിലെയും കൊടൈക്കനാലിലെയും പോലെ തണുപ്പുള്ള ഒരു മലയോര കാലാവസ്ഥ കൃത്രിമമായി കൊണ്ടുവരാൻ സാധിച്ചു.

സാങ്കേതിക വിപ്ലവത്തിലൂടെയുള്ള മുന്നേറ്റം

ആ സാങ്കേതിക വിപ്ലവം ഒരു വൻ വിജയമായി മാറി! പടിപടിയായി അവന്റെ ആ ചെറിയ മുറി വളർന്ന്, ആറായിരം കൂൺ ബെഡുകളുള്ള ഒരു വമ്പൻ ഹൈടെക് ഫാമായി മാറി. ഓരോ മൂന്ന് മാസത്തിലും ആറായിരം കൂണുബെഡ്കളില്‍ കൂണുകള്‍ ഒന്നിച്ച് വിരിഞ്ഞു നിൽക്കുന്ന കാഴ്ച ഒരു വിസ്മയം തന്നെയായിരുന്നു. അയാളുടെ ബിസിനസ്സ് എത്രത്തോളം വലുതായെന്നാൽ, ദിവസേന കൂൺ വിത്ത് (Spawn) വാങ്ങാൻ മാത്രം അവൻ ആയിരം രൂപ വീതം ചെലവഴിക്കാൻ തുടങ്ങി. എന്നാല്‍ ദിവസേന ആയിരം രൂപ വിത്തുകള്‍ വിപണിയിൽ നിന്ന് കണ്ടെത്തുന്നതിനും ഗുണമേന്മയുള്ള വിത്തുകള്‍ ഉറപ്പാക്കുന്നതും ഒരു വെല്ലു വിളിയായി മാറി. എല്ലാത്തിനും പുറമേ കൂൺ വിത്തിന് വലിയ ക്ഷാമവും നേരിട്ടു. ലക്ഷങ്ങളുടെ നഷ്ടം കൺമുന്നിൽ കണ്ടപ്പോഴും മാത്യു കീഴടങ്ങാൻ കൂട്ടാക്കിയില്ല. മറ്റാരെയും ആശ്രയിക്കാതിരിക്കാൻ തന്റെ എഞ്ചിനീയറിംഗ് വൈഭവം പുറത്തെടുത്തു വളരെ ചെറിയ ചിലവില്‍ സ്വന്തമായി ഒരു അത്യാധുനിക വിത്ത് ഉൽപ്പാദന ലബോറട്ടറി (Spawn Production Unit) തന്നെ ഫാമിൽ സ്ഥാപിച്ചു. വിപണിയിലെ വിത്തിനായുള്ള നെട്ടോട്ടം അയാള്‍ അവസാനിപ്പിച്ച് ഏറ്റവും മികച്ച വിത്തുകൾ സ്വന്തമായി ഉല്‍പ്പാദിപ്പിച്ചെടുത്തു. മാത്യുവിന്റെ ഈ അസാധാരണമായ പോരാട്ടവീര്യവും കഠിനാധ്വാനവും നേരിട്ട് കണ്ടറിഞ്ഞ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കൂണുകൾ നന്നായി പായ്ക്ക് ചെയ്തു വിറ്റഴിക്കുന്നതിനായി ഒരു പാക്കിംഗ് യൂണിറ്റ് തുടങ്ങാനായി വലിയൊരു തുക സർക്കാർ സബ്‌സിഡിയായി നൽകി സഹായിക്കുകയും ചെയ്തു.

“ഹെൽത്തി വൈറ്റ്സ്”ലൂടെ വിപണി കീഴടക്കുമ്പോൾ

താമസിയാതെ, മാത്യുവിന്റെ ബ്രാൻഡ് നാമത്തിലുള്ള മനോഹരമായ കൂണുകൾ തളയോലപ്പറമ്പിലെ ചന്തകളില്‍ മാത്രമല്ല, നഗരങ്ങളിലെ വൻകിട സൂപ്പർമാർക്കറ്റുകളും കീഴടക്കി. “ഹെല്‍ത്തി വൈറ്റ്സ്” എന്ന ബ്രാന്‍ഡ്‌ പേരിലാണ് കൂണ്‍ വിപണിയില്‍ എത്തിക്കുന്നത്. ചിപ്പി കൂൺ പെട്ടെന്ന് കേടാകുന്ന ഒരു ഉല്‍പ്പന്നമായതുകൊണ്ട്, വിറ്റുപോകാതെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് തിരിച്ചുവരുന്ന പാക്കറ്റുകൾ വലിയൊരു തലവേദനയായിരുന്നു എന്നും മാത്യു ഓര്‍മ്മപ്പെടുത്തുന്നുണ്ട്. . വിപണനം ഇന്നും ഒരു കീറാമുട്ടിയായി തന്നെ അവശേഷിക്കുന്നു എന്നത് ഇന്നും ഒരു പരിധിവരെ മാത്യുവിനെ അലട്ടുന്നുണ്ട്. ഏകദേശം 30% കൂണുകളും കടകളില്‍ നിന്ന് തിരിച്ച്‌ വരുന്നുണ്ട് എന്ന തിരിച്ചറിവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഇവിടെയാണ് ഈ മേഖലയില്‍ കൈപുണ്യം തെളിയിച്ച തന്‍റെ ഭാര്യയുടെ പങ്കും ഉപയോഗപ്പെടുത്താന്‍ മാത്യു തീരുമാനിക്കുന്നത്. അങ്ങനെയാണ് ഇരുപതോളം വ്യത്യസ്തമായ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കപ്പെട്ടതും പല വേദികളിലും ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ പ്രിയമേറിയതും. കട്ട്ലെറ്റ്, ഉണ്ണിയപ്പം, മോമോസ്, പായസം, സൂപ്പ്, കൂണ്‍ മഞ്ചൂരിയന്‍, കേക്ക്, ബന്‍, അച്ചാര്‍ തുടങ്ങി വിവധ ഉള്‍പ്പന്നങ്ങള്‍ ഉണ്ടാക്കി തുടങ്ങി. അതോടൊപ്പം കൂണ്‍ ഉണക്കി പൊടിച്ചു വിവിധ തരം ഹെല്‍ത്ത്‌ മിക്സ്‌, കുക്കീസ്‌ തുടങ്ങിയ ആറു വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ സ്റ്റാൻഡർഡൈസു ചെയ്തു അവസാന ഘട്ടത്തിലേക്ക് ഈ കുടുംബം കടന്നിട്ടുണ്ട്. ഇതിനോടൊപ്പം നല്ല മാംസളമായ, കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കുന്ന മില്കി കൂണ്‍ കൃഷിയിലേക്ക് കൂടി ചുവടു മാറ്റി അതിലും വിജയം കണ്ടെത്തി. പെല്ലെറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന കൂണ്‍ ബെഡ്‌കള്‍ കമ്പോസ്റ്റാക്കി മാറ്റി ഒരു “സീറോ വെയിസ്റ്റേജ്” (മാലിന്യമില്ലാത്ത) അത്ഭുതവും സൃഷ്ടിച്ചു. ഇതിലൂടെ വീട്ടിലെ കാര്‍ഷിക വിളകളുടെ ജൈവ വളങ്ങളുടെ ആവശ്യകത നിറവെറ്റാനും സാധിച്ചു എന്നത് എടുത്തു പറയാവുന്ന മറ്റൊരു നേട്ടമാണ്.
കൂണ്‍ കര്‍ഷകര്‍ക്കു ഒരു പ്രചോദനമായി..

ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ പരിശീലനത്തിന്റെ പങ്കു വലുതാണ്. കേരള സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ (Kerala State Horticulture Mission) സ്പോൺസർ ചെയ്ത് സംഘടിപ്പിച്ച, ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസർച്ച് (Directorate of Mushroom Research – DMR, Solan) ഒരാളായി മാറുവാന്‍ മാത്യുവിനു സാധിച്ചു. അവിടുന്ന് ലഭിച്ച കര്‍ഷകരില്‍ നൽകിയ മികച്ച പരിശീലനമാണ് കൂൺ കൃഷിയുടെ സൂക്ഷ്മമായ വശങ്ങൾ മനസ്സിലാക്കാൻ സഹായിച്ചത് എന്ന് മാത്യു നന്ദിയോടെ ഓര്‍ക്കുന്നു. കൃഷി വകുപ്പ് ഉധ്യോഗസ്ഥരുടെ ഇടപെടലും അഭിമാനത്തോടെ മാത്യു ഓര്‍ത്തെടുക്കുന്നു എന്നത് കൃഷി വകുപ്പിനും അഭിനന്ദിക്കാവുന്നതാണ്.

വെറുമൊരു സ്വപ്നവുമായി നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസി യുവാവ് ഇന്ന് കേരളത്തിലെ കർഷകർക്ക് ഒരു പ്രചോദനമാണ്. തന്റെ വിദേശത്തെ സാങ്കേതിക അറിവും ജന്മനാടിനോടുള്ള അതിരറ്റ സ്നേഹവും ഒന്നിച്ചപ്പോൾ കേവലം 20 മാസം കൊണ്ട് കൂണ്‍ കൃഷി മാത്യുവിന് ഉപജീവന മാര്‍ഗ്ഗമായി മാറി. കൃഷിയോടുള്ള അഭിനിവേശവും ശാസ്ത്രീയ പരിചരണവും വഴി ഉത്പാദനം വർദ്ധിക്കുകയും, വെറും ഇരുനൂറ് ഗ്രാം കൂണിൽ നിന്നും ആറായിരം ബെഡുകളുടെ ഒരു വലിയ കൂൺ സാമ്രാജ്യം കെട്ടിപ്പടുത്തി പ്രതിദിനം ശരാശരി 20 ലോഗ്രാം കൂൺ വിപണിയിൽ എത്തിക്കാൻ ഈ ഫാമിന് സാധിക്കുന്നുണ്ട് . തോൽക്കാൻ മനസ്സില്ലാത്ത ഒരു മനുഷ്യന് മണ്ണിൽ നിന്ന് പോലും പൊന്ന് വിളയിക്കാമെന്ന് മാത്യു ഈ ലോകത്തിന് കാണിച്ചുതന്നു. ഒരു ചെറിയ തുടക്കത്തിൽ നിന്ന് വലിയൊരു സംരംഭത്തിലേക്ക് വളരാൻ കഴിഞ്ഞത് കൃഷിവകുപ്പിന്റെയും ഹോർട്ടികൾച്ചർ മിഷന്റെയും ശരിയായ മാർഗ്ഗനിർദ്ദേശം കൊണ്ടാണ്. കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള ആർക്കും കൂൺ കൃഷിയിൽ മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ സാധിക്കും എന്നാണ് ഈ സംഭരകന് എല്ലാവരോടും പറയാനുള്ളത്.