വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലെ ST വിഭാഗത്തിൽ പെടുന്ന കര്‍ഷകയായ ശ്രീമതി രമണി കെ. ഇന്ന് ജില്ലയിലെ മികച്ച കൂൺ സംരംഭകരിൽ ഒരാളാണ്. വളരെ ചെറിയ തോതിൽ ആരംഭിച്ച കൂൺ കൃഷി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ (SHM) RKVY കൂൺഗ്രാമം പദ്ധതിയുടെ പിന്തുണയോടെ വിജയകരമായ ഒരു സംരംഭമായി വളർത്തിയെടുത്തിരിക്കുകയാണ് അവർ.

കൂൺഗ്രാമം പദ്ധതിയുടെ ലാർജ് സ്കെയിൽ കൂൺകൃഷി യൂണിറ്റ് ഭാഗമായി സ്ഥാപിച്ച ഫാൻ ആൻഡ് പാഡ് സംവിധാനമുള്ള ആധുനിക കൂൺ ഹൗസിൽ ഒരേസമയം 500-ൽ അധികം കൂൺ ബെഡുകൾ ക്രമീകരിച്ച് ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പാദനം നടത്താൻ ശ്രീമതി രമണിക്ക് സാധിക്കുന്നു. ശാസ്ത്രീയമായ കൃഷിരീതികളും മികച്ച പരിപാലനവും ഉൽപ്പാദനക്ഷമത ഗണ്യമായി വർധിപ്പിക്കാൻ സഹായകമായി.

ഉൽപ്പാദനം വർധിച്ചതോടെ കൃഷിഭവന്റെ പിന്തുണയോടെ SHM-RKVY പദ്ധതിയിലൂടെ ST ഫണ്ടിൽ ഒരു പാക്ക് ഹൗസും സ്ഥാപിച്ചു. ഇതിലൂടെ കൂൺ ശുചിത്വത്തോടെയും മികച്ച ഗുണനിലവാരത്തോടെയും പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കാൻ സാധിക്കുന്നതായി ശ്രീമതി രമണി പറയുന്നു. ഇതുവഴി ഉൽപ്പന്നത്തിന് മികച്ച വിപണിമൂല്യവും ഉപഭോക്തൃവിശ്വാസവും നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഇന്ന് കൂൺ കൃഷിയിലൂടെ സ്ഥിരമായ വരുമാനം നേടുന്നതോടൊപ്പം, കൂൺ കൃഷിയിലേക്ക് പുതുതായി കടന്നുവരുന്ന കർഷകർക്കും സംരംഭകർക്കും മികച്ച പ്രചോദനവും മാതൃകയുമാണ് ശ്രീമതി രമണി കെ. സർക്കാർ പദ്ധതികളുടെ ഫലപ്രദമായ വിനിയോഗവും കഠിനാധ്വാനവും ഒരുമിച്ചാൽ ചെറുകിട സംരംഭങ്ങളെ വിജയത്തിലേക്ക് നയിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിജയഗാഥ.